4. അദ്ധ്യായം.
1
ആദാം തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: “യഹോവയാൽ എനിക്കു ഒരു പുരുഷസന്തതിയെ ലഭിച്ചു” എന്നു പറഞ്ഞു.
2
പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
3
കുറെക്കാലം കഴിഞ്ഞിട്ട് കയീൻ നിലത്തെ ഫലത്തിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു.
4
ഹാബെലും ആട്ടിൻ കൂട്ടത്തിലെ ആദ്യം ജനിച്ചവയിൽനിന്ന്, അവയുടെ കൊഴുപ്പുള്ള ഭാഗങ്ങളിൽനിന്ന് ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
5
കയീനിലും അവന്റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. കയീൻ വളരെ കോപിച്ചു, അവന്റെ മുഖം വാടി.
6
അപ്പോൾ യഹോവ കയീനോട്: “നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്?
7
നീ നന്മചെയ്യുന്നു എങ്കിൽ നീയും സ്വീകാര്യനാവുകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കേണം” എന്നു കല്പിച്ചു.
8
അപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോട്“നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു.
9
പിന്നെ യഹോവ കയീനോട്: “നിന്റെ അനുജനായ ഹാബെൽ എവിടെ?എന്നു ചോദിച്ചതിന്: “എനിക്ക് അറിഞ്ഞുകൂടാ; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ?എന്നു അവൻ പറഞ്ഞു.
10
അതിന് അവിടുന്ന് അരുളിച്ചെയ്തത്. “നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.
11
ഇപ്പോൾ നിന്റെ കൈയിൽനിന്ന് നിന്റെ അനുജന്റെ രക്തം സ്വീകരിക്കുവാൻ വായ് തുറന്ന ദേശം വിട്ട് നീ ശാപഗ്രസ്തനായി പോകേണം.
12
നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി ഒരിക്കലും അതിന്റെ വീര്യം നിനക്ക് തരികയില്ല; നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും.”
13
കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്ക് വഹിക്കുവാൻ കഴിയുന്നതിനെക്കാൾ വലുതാണ്.
14
ഇതാ, അങ്ങ് ഇന്ന് എന്നെ പുറത്താക്കികളയുന്നു; ഞാൻ തിരുസന്നിധിവിട്ട് ഒളിച്ചു ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും” എന്നു പറഞ്ഞു.
15
യഹോവ അവനോട്: “അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന്റെമേൽ ഏഴിരട്ടിയായി പ്രതികാരംചെയ്യും” എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും അവനെ കൊല്ലാതിരിക്കേണ്ടതിനു യഹോവ കയീന്റെമേൽ ഒരു അടയാളം പതിച്ചു.
16
അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ട് ഏദെന് കിഴക്ക് നോദ് ദേശത്ത് ചെന്നു പാർത്തു.
17
കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. കയീൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു.
18
ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.
19
ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
20
ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരങ്ങളിൽ വസിക്കുന്നവർക്കും പശുകളെ സംരക്ഷിക്കുന്നവർക്കും പിതാവായിരുന്നു.
21
അവന്റെ സഹോദരന് യൂബാൽ എന്നു പേർ. ഇവൻ കിന്നരവും ഓടക്കുഴലും വായിക്കുന്ന എല്ലാവർക്കും പിതാവായിരുന്നു.
22
സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുപണിക്കാരുടെയും ഇരിമ്പുപണിക്കാരുടെയും ഗുരുവായിരുന്നു; നയമാ ആയിരുന്നു തൂബൽകയീന്റെ സഹോദരി .
23
ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞത്:
“ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ;
ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവി തരുവിൻ!
എന്നെ മുറിപ്പെടുത്തിയ ഒരു പുരുഷനെയും
എന്നെ പരിക്കേൽപ്പിച്ച ഒരു യുവാവിനെയും ഞാൻ കൊന്നു.
24
കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ
ലാമെക്കിനുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.”
25
ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: “കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്ക് മറ്റൊരു സന്തതിയെ തന്നു” എന്നു പറഞ്ഞ് അവന് ശേത്ത് എന്നു പേരിട്ടു.
26
ശേത്തിനും ഒരു മകൻ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.