1
എന്നാൽ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷാനായകനായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ അവനെ വിലയ്ക്കു വാങ്ങി.
2
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ജയാളിയായി, ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ പാർത്തു.
3
യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.
4
അതുകൊണ്ടു യോസേഫ് അവന് ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു.
5
അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം ഈജിപ്റ്റുകാരന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
6
അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കൈയിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
7
യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: “എന്നോടുകൂടെ ശയിക്ക” എന്ന് അവൾ പറഞ്ഞു.
8
അവൻ അതിനു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.
9
ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” എന്നു പറഞ്ഞു.
10
അവൾ ദിനംതോറും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.
11
ഒരു ദിവസം യോസേഫ് തന്റെ ജോലി ചെയ്യുവാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.
12
അവൾ അവന്റെ വസ്ത്രം പിടിച്ചു: “എന്നോടു കൂടെ ശയിക്ക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കൈയിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.
13
അവൻ വസ്ത്രം തന്റെ കൈയിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ,
14
അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന് എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.
15
ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു.
16
യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ കൈവശം വച്ചുകൊണ്ടിരുന്നു.
17
അവനോട് അവൾ അതുപോലെതന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്റെ അടുക്കൽ വന്നു.
18
ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു.