1
ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി.
2
അപ്പോൾ ഹിവ്യനായ ഹമോരിന്റെ മകനായ ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു കളങ്കം വരുത്തി.
3
അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനായോടു പറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.
4
ശെഖേം തന്റെ അപ്പനായ ഹമോരിനോട്: “ഈ ബാലയെ എനിക്കു ഭാര്യയായിട്ട് എടുക്കേണം” എന്നു പറഞ്ഞു.
5
തന്റെ മകളായ ദീനായെ അവൻ മാനഭംഗപ്പെടുത്തി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
6
ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.
7
യാക്കോബിന്റെ പുത്രന്മാർ വിവരം അറിഞ്ഞു വയലിൽനിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
8
ഹമോർ അവരോടു സംസാരിച്ചു: “എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവന് ഭാര്യയായി കൊടുക്കേണം.
9
ഞങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യുവിൻ.
10
നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ” എന്നു പറഞ്ഞു.
11
ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: “നിങ്ങൾക്ക് എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.
12
എന്നോട് സ്ത്രീധനവും സമ്മാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുന്നതുപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം” എന്നു പറഞ്ഞു.
13
തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു വ്യാജമായി ഉത്തരം പറഞ്ഞത്:
14
“ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷന് കൊടുക്കുന്ന കാര്യം ഞങ്ങൾക്കു സാദ്ധ്യമല്ല; അതു ഞങ്ങൾക്ക് അപമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.
15
നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ
16
ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ എടുക്കുകയും നിങ്ങളോടുകൂടെ പാർത്ത് ഒരു ജനമായ്തീരുകയും ചെയ്യാം.
17
പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാതിരുന്നാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.”